• Home
  • Detailed News

മ്യൂണിക്ക് സുരക്ഷാ സമ്മേളനം പുടിന്‍ മയം

February 19, 2023

ബര്‍ലിന്‍ ∙ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആധിപത്യം പുലര്‍ത്തി. ഏകദേശം ഒരു വര്‍ഷം മുമ്പ് യുദ്ധം ആരംഭിച്ച റഷ്യ പാശ്ചാത്യ നേതാക്കള്‍ക്കും നയതന്ത്രജ്ഞര്‍ക്കും വ്യക്തമായ സന്ദേശം നല്‍കി. വ്ലാഡിമിര്‍ പുടിന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കാലം യുക്രെയ്നിന് സുരക്ഷിതമായിരിക്കാന്‍ കഴിയില്ലെന്ന് ശനിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റിനെക്കുറിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. പുടിന്‍ മനസ് മാറ്റിയില്ലെങ്കില്‍, യുക്രെയ്ന് വീണ്ടും സമാധാനവും സ്വാതന്ത്ര്യവും ലഭിക്കുന്നതുവരെ ജര്‍മനി യുക്രെയ്നിന്റെ പക്ഷത്ത് നില്‍ക്കുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്ക് വ്യക്തമാക്കി.

നയതന്ത്ര, സുരക്ഷാ, പ്രതിരോധ നേതാക്കളുടെ വാര്‍ഷിക സമ്മേളനത്തിലേക്ക് പുടിനെ ക്ഷണിച്ചില്ല, പക്ഷേ മിക്കവാറും എല്ലാ പ്രാസംഗികരും അദ്ദേഹത്തെ പരാമര്‍ശിച്ചു. പേരെടുത്തോ, പരോക്ഷമായോ പോലും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് യുക്രെയ്നിന്റെ സഖ്യകക്ഷികളോട് പിന്തുണ ഇരട്ടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. യുക്രെയ്നെ പിന്തുണയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ദൃഢനിശ്ചയത്തില്‍ വീഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റായ കണക്കു കൂട്ടലായിരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നറിയിപ്പ് നല്‍കി. യുക്രെയ്നില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ കാരണമുണ്ടെന്നും ഹാരിസ് പറഞ്ഞു. റഷ്യ ദുര്‍ബലമാണ്, ട്രാന്‍സ്–അറ്റ്ലാന്റിക് സഖ്യം എന്നത്തേക്കാളും ശക്തമാണ്. ഏറ്റവും പ്രധാനമായി, യുക്രെയ്നിയന്‍ ജനതയുടെ ആത്മാവ് നിലനില്‍ക്കുന്നു– കമല പറഞ്ഞു.

അതേസമയം ഇറാന്‍–റഷ്യ പ്രതിരോധ ബന്ധത്തില്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചു. റഷ്യയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തില്‍ യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിമാര്‍ ശനിയാഴ്ച ആശങ്ക പ്രകടിപ്പിച്ചു.
സമ്മേളനത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ ഫ്രാന്‍സിന്റെ കാതറിന്‍ കൊളോണ, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക്, യുകെ വിദേശകാര്യമന്ത്രി ജെയിംസ് ക്ളെവര്‍ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇറാനും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള സൈനിക സഹകരണത്തെക്കുറിച്ചും, അതിനപ്പുറത്തുള്ള മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ഇറാന്‍ ആണവ വർധനയെ കുറിച്ചും രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണമില്ലായ്മയെ കുറിച്ചുമുള്ള ആശങ്കയ്ക്ക് അവര്‍ അടിവരയിട്ടു. ഇറാനെ തിരിച്ചുവിടാന്‍ ആഹ്വാനം ചെയ്തു. 

പ്രതിഷേധം
സുരക്ഷാ സമ്മേളനം നടക്കുമ്പോള്‍ മ്യൂണിക്കിൽ പ്രതിഷേധവും അരങ്ങേറി. വര്‍ണ്ണാഭമായ, വിചിത്രമായ, സമാധാനപരമായ പ്രതിഷേമാണ് നടന്നത്. ലോകരാഷ്ട്രീയത്തിന്റെ എല്ലാ നാടകങ്ങളും കാഴ്ചകളും ചിത്രങ്ങളും അസംബന്ധങ്ങളും മ്യൂണിക്കില്‍ ഹ്രസ്വമായി പ്രതിഫലിപ്പിച്ചു. ഏകദേശം 15,000 ആളുകള്‍ പ്രതിഷേധത്തിനെത്തുമെന്ന് അറിയിച്ചെങ്കിലും കുറച്ചു പേരാണ് പ്രതിഷേധിച്ചത്. സമ്മേളനം നടക്കുന്ന സമുച്ചയത്തിന് ചുറ്റും എഎഫ്ഡിയും ഇടതുപക്ഷ ഗ്രൂപ്പുകളും പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അയ്യായിരത്തോളം പൊലീസുകാരെയാണ് സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചത്.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India