• Home
  • Detailed News

ആശങ്കകൾ അനുകമ്പയോടെ കേൾക്കാനുള്ള മാർഗം കണ്ടെത്തണം: രാഹുൽ ഗാന്ധി

March 02, 2023

ലണ്ടൻ∙ ലോകമെമ്പാടുമുള്ള ആളുകൾ പുതിയ ആശങ്കകൾ അനുകമ്പയോടെ കേൾക്കാനുള്ള മാർഗം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കണ്ടെത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി പറഞ്ഞു.

'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക' (Learning to listen in the 21st century) എന്ന വിഷയത്തിൽ ലണ്ടൻ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബിസിനസ് സ്‌കൂളിൽ എംബിഎ വിദ്യാർത്ഥികളോട് സംസാരിക്കുകകയായിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യയും യുഎസും ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ അടുത്ത പതിറ്റാണ്ടുകളായി ഉൽപ്പാദനം കുറഞ്ഞു.
ഉൽപ്പാദനം ചൈനയിലേക്ക് മാറിയതിനാൽ വൻതോതിലുള്ള അസമത്വവും അനുബന്ധ രോഷവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഉൽപ്പാദനം ജനാധിപത്യ രാജ്യങ്ങളിൽ നിന്നും ചൈനയിലേക്ക്  മാറിയതിലൂടെ രൂപാന്തരപ്പെട്ട നൂറ്റാണ്ടാണ് ഇപ്പോൾ ഉള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ജനാധിപത്യ വ്യവസ്ഥിതിയല്ലാത്ത രാജ്യങ്ങൾ നമുക്ക് താങ്ങാനാവുന്നതല്ല. അതിനാൽ ഇപ്പോഴത്തെ നിർബന്ധിത അന്തരീക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ജനാധിപത്യ അന്തരീക്ഷത്തിൽ നമ്മൾ എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്നതിനെക്കുറിച്ച് പുതിയ ചിന്ത ആവശ്യമാണെന്നും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ മുൻവിധി, തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന അസമത്വം എന്നിവയിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായി 2022 സെപ്റ്റംബർ മുതൽ 2023 ജനുവരി 14 വരെ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ നയിച്ച 4,081 കിലോമീറ്റർ നീണ്ട ഭാരത് ജോഡോ യാത്ര മറ്റുള്ളവരുടെ ആശങ്കകൾ കേൾക്കാൻ തന്നെ സഹായിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളിൽ നിന്നും തുടങ്ങിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവിധ വിഷയങ്ങളിലൂടെ കടന്നു പോയി.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രോ വൈസ് ചാൻസലറും കേംബ്രിഡ്ജ് ബിസിനസ് സ്‌കൂളിലെ സ്ട്രാറ്റജി ആൻഡ് പോളിസി പ്രൊഫസറുമായ കമൽ മുനീറാണ് രാഹുലിനെ വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തിയത്. രാഹുലിന്റെ മുത്തശ്ശൻ ജവഹർലാൽ നെഹ്‌റുവും, രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയും രാഹുലിനെ പോലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നുവെന്ന്  കമൽ മുനീർ പറഞ്ഞു.

ബിസിനസ്സിന്റെയും സമൂഹത്തിന്റെയും സങ്കീർണ്ണതകൾ മനസിലാക്കാൻ ആഗ്രഹിക്കുന്ന ആഗോള ചിന്താഗതിയുള്ള വ്യക്തികൾക്കായുള്ളതാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എംബിഎ പ്രോഗ്രാമെന്നും ആഗോള സാമ്പത്തിക ശാസ്ത്രത്തിലും നയരൂപീകരണത്തിലും രാഹുൽ ഗാന്ധിയുടെ അനുഭവവും ഉൾക്കാഴ്ചയും പങ്കിട്ടതിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും കമൽ മുനീർ പറഞ്ഞു.
യുകെയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പര്യടനത്തിലാണ് രാഹുൽ ഗാന്ധി മാർച്ച്‌ 7 ന് ഇന്ത്യയിലേക്ക് മടങ്ങും. വിവിധ ദിവസങ്ങളിലായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ബിഗ് ഡാറ്റ, ഡെമോക്രസി, ഇന്ത്യ-ചൈന ബന്ധങ്ങൾ എന്നിവ ഉൾപ്പടെ വിവിധ വിഷയങ്ങളിൽ വിവിധ ക്ലാസുകൾ രാഹുൽ ഗാന്ധി നയിക്കും.
തുടർന്ന് മെയ് 5 ന് രാഹുൽ ഗാന്ധി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ ചാപ്റ്ററിന്റെ പ്രതിനിധികളുമായി സംവദിക്കുകയും തുടർന്ന് ലണ്ടൻ മിഡിൽസെക്സിലെ ഹെസ്റ്റൺ ഹൈഡ് ഹോട്ടലിൽ വെച്ച് നടക്കുന്ന പ്രവാസി സംഗമത്തെ (Indian Diaspora Conference) അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India