April 24, 2023
കേരളത്തിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത്. ഇൻ്റലിജന്റ്സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാബ ഉൾപ്പെടെ 12 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. പ്രധാനമന്ത്രിയെ തടയാൻ ഒരു നീക്കവുമില്ലെന്നും പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്നത്. തുടർന്ന്, റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.